Friday, July 17, 2009

ഉത്കൃഷ്‌ട ബന്ധങ്ങള്‍ അന്യമാകുന്നു

ഉത്കൃഷ്‌ടങ്ങളായ മാനുഷിക ബന്ധങ്ങള്‍ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന ദു:ഖകരമായ കാഴ്ചയാണ്‌ നാം ഇന്നു സമൂഹത്തില്‍ കാണുന്നത്‌. മനുഷ്യനെ മനുഷ്യനാക്കുന്ന സദ്‌വികാരങ്ങള്‍ക്കൊന്നും ഇന്നു സ്ഥാനമില്ലാതെ വന്നിരിക്കുന്നു. പരസ്‌പരമുല്ല സ്നേഹം ബഹുമാനം വിശ്വാസം സഹകരണം - ഇവയെല്ലാം മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. ജീവിതത്തെ ധന്യവും സംതൃപ്തവും സന്തുഷ്‌ടവുമാക്കുന്നത്‌ ഈ വക വികാരങ്ങളാണെന്ന് ആരും ഓര്‍ക്കുന്നില്ല. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധം ഗുരുശിഷ്യബന്ധം യജമാനഭൃത്യബന്ധം മുതലായവയെല്ലാം ആധുനിക സമൂഹത്തില്‍ ക്രമേണ നശിച്ചുകൊണ്ടിരിക്കുകയാണ്‌. പൌരാണിക കൃതികളില്‍ മാത്രമേ ഉത്തമമായ മാനുഷിക ബന്ധങ്ങളുടെ മാതൃക പ്രതിഫലിച്ചുകാണുന്നുള്ളു. അവയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്‌ അനേകം സത്‌കഥാപാത്രങ്ങളുടെ പ്രവര്‍ത്തന രംഗമായ രാമായണം തന്നെയാണ്‌. ദുഷ്‌ടകഥാപാത്രങ്ങള്‍ക്കും ഒടുവില്‍ സദ്‌ഗതി ലഭിക്കുന്ന മഹനീയമായ അനുഭവമാണ്‌ രാമായണത്തില്‍ വിവരിക്കുന്നത്‌. ഈ വിശിഷ്‌ട കൃതിയില്‍ ദശരഥനും കൌസല്യക്കും ശ്രീരാമനോടുള്ള സ്നേഹ വാത്സല്യങ്ങള്‍ , സഹോദരന്‍മാര്‍ തമ്മിലുള്ള അഭേദ്യവും അകൈതവുമായ ബന്ധം , സീതയും രാമനും തമ്മിലുള്ള ഹൃദയസ്പൃക്കായ ഭാര്യാഭര്‍തൃബന്ധം കുലഗുരുവായ വസിഷ്‌ഠമഹര്‍ഷിയോട്‌ എല്ലാവര്‍ക്കുമുണ്ടായിരുന്ന ഭക്ത്യാദരങ്ങള്‍ വിശ്വസ്തനും ധീരനും സാഹസികനുമായ ഹനുമാനോട്‌ രാമനും സീതക്കും ഉള്ള സ്നേഹ വാത്സല്യങ്ങള്‍ ഹനുമാന്‍റെ സ്വാമി ഭക്തി തുടങ്ങിയ അതിശ്രേഷ്‌ഠങ്ങളായ വ്യക്തിബന്ധങ്ങള്‍ അവയുടെ ഉന്നതവും ഉദാത്തവുമായ മേഖലകളില്‍ എത്തിച്ചേരുന്ന ഹൃദയസ്പര്‍ശികളായ ജീവിത സന്ദര്‍ഭങ്ങളെയാണ്‌ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഓരോ സന്ദര്‍ഭത്തിലും നടമാടുന്ന വൈകാരിക സംഘട്ടനങ്ങള്‍ കാവ്യത്തിന്‍റെ ദീപ്തിയും സൌന്ദര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രാമനെപ്പോലെ ഇത്ര ത്യാഗബുദ്ധിയും വിശാലഹൃദയത്വവും പിതൃഭക്തിയും പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു കഥാപാത്രവും വിശ്വസാഹിത്യത്തില്‍ കാണുകയില്ല. തന്‍റെ ജ്യേഷ്‌ഠനോട്‌ ഭരതനുള്ള നിസ്വാര്‍ത്ഥമായ സ്നേഹവും വിധേയത്വവും അവയുടെ തീവ്രഭാവത്തില്‍ തന്നെ നാം കാണുന്നു. ജ്യേഷ്‌ഠന്‍റെ നിയോഗമനുസരിച്ചാണ്‌ ഭരതന്‍ ശ്രീരാമദാസനായി രാജ്യഭരണം കൈയേല്‍ക്കുന്നതും ലക്ഷ്‌മണന്‍റെ ജ്യേഷ്‌ഠഭക്തിയും അദ്വതീയം തന്നെ. സഹോദരസ്നേഹത്തില്‍ ഒട്ടും പിന്നിലല്ല ശത്രുഘ്‌നനും. ഇത്രമാത്രം സുദൃഢവും നിഷ്‌ക്കളങ്കവുമായ സാഹോദര്യം ലോകത്തില്‍ വിരളമാണ്‌. ഇങ്ങനെ രാമായണം കഥയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ ഒട്ടുമുക്കാലും അത്യുത്കൃഷ്‌ടങ്ങളായ മാനുഷികഭാവങ്ങളുടെ പ്രതിരൂപങ്ങളാണെന്നുകാണാം. അത്രയും ആദര്‍ശപരത നമുക്കു കാത്തുസൂക്ഷിക്കാന്‍ കഴിയില്ലെങ്കിലും സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂര്‍ത്തിമദ്‌ഭാവങ്ങളായ ആ പുണ്യാത്മാക്കള്‍ കാണിച്ചുതന്നിട്ടുള്ള പാത പിന്‍തുടരാനെങ്കിലും നാം തയ്യാറാവേണ്ടതാണ്‌........ !

2 comments:

K.R.Kishor said...

സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയാണ്‌ സംസ്കാരത്തെ നിര്‍ണ്ണയിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ബന്ധങ്ങളും പെരുമാറ്റങ്ങളും എങ്ങനെ ഉണ്ടാവും? ചൂഷനാതിഷ്ടിതമായ സമൂഹത്തില്‍നിന്നു ചൂഷണത്തെ വേര്‍പെടുത്തിയാല്‍ മാത്രമേ ഉന്നത മൂല്യങ്ങളുള്ള സംസ്കാരം രൂപപ്പെടുകയുള്ളൂ..

നീലാഭം said...

രാമാ കഥ പറയുമ്പോള്‍ ഇത് കൂടി ഓര്‍ക്കണം
ബാലി വധം..
ശ്രീരാമ കഥയ്ക്ക്‌ കളങ്കം ചാര്‍ത്തിയ സംഭവമാണ്..
ഒളി അമ്പു ഏറ്റു ,മരണ വക്ത്രത്തില്‍ കിടന്ന ബാലി ചോദിക്കുന്ന ചോദ്യം ഹൃദയ സ്പ്രിക്കാന്.
" സൂര്യ വംശത്തിനു തന്നെ കളങ്കം ചാര്‍ത്താന്‍ മാത്രം ഈ അധര്‍മ്മം ചെയ്ത അല്ലയോ
ഭഗവന്‍, അങ്ങ് ഒരു വാക്ക് പറഞ്ഞിരുന്നെങ്ങില്‍ എന്റെ സുഹൃത്തായ രാവണനെ
അങ്ങയുടെ പാദതിങ്ങള്‍ ഞാന്‍ സമര്‍പ്പികുമായിരുനാലോ..
എന്റെ സഹോദരനുമായി, അങ്ങ് സഘ്യത്തില്‍ ചേര്‍ന്നതും എന്നെ കൊല്ലിച്ചതും രാമ കഥക്ക് കളഞ്കമയല്ലോ ഭഗവന്‍ എന്ന് വിലപ്പിക്കുന്ന ബാലിയെ ഒരു നിമിഷം ഓര്‍ക്കാം..
.
അത് പോലെ "താര വിലാപത്തില്‍" താര രാമനോട് പറയുന്നതും ശ്രദ്ധേയം..