Friday, July 17, 2009

എഡിറ്റോറിയല്‍ ക്ഷേത്രായനം

മൂഢമായ മാത്സര്യം മനുഷ്യ ജീവിതത്തിന്‍റെ ആദ്ധ്യാത്മികവും ഭൌതികവുമായ വശങ്ങളെക്കുറിച്ച്‌ നല്ലതുപോലെ ചിന്തിച്ച്‌ വളരെ ലളിതമായി കവിതയെഴുതിയ മഹത്‌ വ്യക്തിയാണ്‌ പൂന്താനം. അദ്ദേഹത്തെ"ഭക്തകവി" എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നത്‌ ശരിയല്ല. എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രചിച്ച "ജ്ഞാനപ്പാന" ഇന്നും പ്രസക്തമാണ്‌. മനുഷ്യര്‍ തമ്മില്‍ നടക്കുന്ന അനാവശ്യവും അര്‍ത്ഥശൂന്യവുമയ മത്സരങ്ങളെപ്പറ്റി അദ്ദേഹം പറയുന്ന നാലു വരികള്‍ ശ്രദ്ധിക്കുക. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത്‌ മത്സരിക്കുന്നതെന്തിനു നാംവൃഥാ" ഇതു ഭംഗിയായി ആലപിച്ചു കേട്ടാല്‍ .ആരും കുറേ നേരത്തേക്ക്‌ ചിന്താഗ്രസ്തരായി തീരാതിരിക്കില്ല. മഹാകവി പറഞ്ഞത്‌ എത്രയോ വാസ്‌തവം.! നമ്മളാരും ഒരുമിച്ചല്ല ജനിക്കുന്നതും മരിക്കുന്നതും. പ്രകൃതി ദുരന്തങ്ങളില്‍ പെട്ട്‌ അനേകം പേര്‍ ഒന്നിച്ചു മരിക്കുന്നത്‌ വ്യത്യസ്‌തമായ ഒരു സംഗതിയാണ്‌. അനന്തമായ ഈ ജീവിത യാത്രയില്‍ നാമെല്ലാവരും കുറേ വര്‍ഷങ്ങള്‍ ഒരുമിച്ചു കഴിയുന്നു. എന്നു മാത്രം. അതും പല പല ബന്ധങ്ങളില്‍ പെട്ട്‌. പല മേഖലകളില്‍ ഒരുമിച്ചു കഴിയേണ്ട നമ്മള്‍ അനാവശ്യമായ മത്സര ബുദ്ധിയിലേര്‍പ്പെടുന്നു. കുടുംബത്തിലും പുറത്തുമുണ്ടാകുന്ന ശൈഥില്യങ്ങളാല്‍ ശാന്തിയും സമാധാനവും നഷ്‌ടപ്പെടുന്നു. അപ്പോള്‍ നിലവിലുള്ള അന്തരീക്ഷത്തില്‍ അസാമാധാനത്തിന്‍റെ വിത്താണ്‌ പാകുന്നത്‌. അത്‌ വാക്കു തര്‍ക്കങ്ങള്‍ക്കും സംഘട്ടനത്തിനും ചിലപ്പോള്‍ രക്തചൊരിച്ചിലിനും മരണത്തിനും തന്നെ കാരണമാകുന്നു. ഭക്തിയുടെ അന്തരീക്ഷം പുലരേണ്ട ദേവാലയങ്ങളില്‍പോലും പല കാരണങ്ങളാലും ഇന്ന് തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നതായി നാം കാണുന്നു.പലപ്പോഴും അവിടെ കോടതികളുടെ ഇടപെടലും പോലീസിന്‍റെ സാന്നിദ്ധ്യവും കൊണ്ട്‌ ഭക്ത ജനങ്ങള്‍ വിഷമിക്കുന്നു. ഔദ്യോഗിക മണ്ഡലങ്ങളിലെ മാത്സര്യം പല സംഘടനകളുടേയും രൂപവല്‍ക്കരണത്തിനു വഴിയൊരുക്കുന്നു. അതിന്‍റെ ഫലമോ? വാശിയേറിയ മത്സരങ്ങള്‍ തന്നെ. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരങ്ങളാണ്‌ ഇന്നു പൊതുജനങ്ങളെ ഏറ്റവുമധികം വുഷമിപ്പിക്കുന്നതും ശല്യപ്പെടുത്തുന്നതും., നാടിന്‍റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതും ആ മത്സരങ്ങള്‍ വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള തീവ്ര സംഘട്ടനങ്ങള്‍ക്കു വഴിയൊരുക്കുന്നു. പകപോക്കലുകളും കൊലപാതകങ്ങളും തന്‍മൂലം നടക്കുന്നു. ക്രാന്തദര്‍ശിയായ കവി പറഞ്ഞതുപോലെ ' സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലര്‍" മദ മത്സരം ചിന്തിച്ചു ചിന്തിച്ചു മതികെട്ടു നടക്കുന്നിതു ചിലര്‍" അങ്ങനെ മതി കെട്ടു നടക്കുമ്പോള്‍ പരസ്‌പര ബന്ധങ്ങളുടെ ചിന്ത ആര്‍ക്കും ഉണ്ടാകുന്നില്ല. അവര്‍ക്ക്‌ മനസ്സിനു ശാന്തിയും സമാധാനവും ലഭിക്കുമോ? ഈശ്വരകാരുണ്യം കൊണ്ട്‌ അവര്‍ക്കു സിദ്ധിച്ച ഈ മനുഷ്യ ജന്‍മം അവര്‍ പാഴാക്കുകയാണ്‌. നേരെ മറിച്ച്‌ നാം പരസ്‌പര സ്നേഹത്തോടൂം വിശ്വാസത്തോടും ബഹുമാനത്തോടും സഹവര്‍ത്തിത്വത്തോടും കൂടി ജീവിച്ചാലത്തെ സ്ഥിതി ഒന്നാലോചിക്കുക. ഈ ലോകം ശാന്തിഭൂവായിത്തീരും സാമുദായികവും മതപരവുമായ മൈത്രി നാടിനെ ഐശ്വര്യത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കും. സുസ്ഥിരവും പുരോഗമന പരവുമായ ഒരു സദ്‌ഭരണം നാടിനു ലഭിച്ചാല്‍ ജനങ്ങള്‍ സന്തുഷ്‌ടരാകും.,സംതൃപ്‌തരാകും നാടിന്‍റെ പ്രശസ്‌തി വര്‍ദ്ധിക്കുകയും സമ്പത്തു കൂടി അത്‌ രാഷ്‌ട്രത്തിനു ബലവും ഭദ്രതയുമാകുന്നു. അതിനാല്‍ പല വിധ ദുശ്‌ചിന്തകളിലും മത്സരങ്ങളിലും പെട്ടു നട്ടം തിരിയുന്ന ആധുനിക മനുഷ്യ സമൂഹത്തെ, മഹാകവിയുടെ മഹദ്വചനം ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നം വൃഥാ"

1 comment:

Indiascribe Satire/കിനാവള്ളി said...

വളരെ ശരിയാണ് . കേരള വാര്‍ത്തകളില്‍ മുഴുവന്‍ അച്യുതാനന്ദനും വിജയനും തമ്മില്തല്ലുന്നത് മാത്രമേ ഉള്ളു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പുരോഗതി ആര്‍ക്കും പ്രശ്നമല്ല . ആര്‍ ഭരിച്ചാലും കൊരന്നു കഞ്ഞി കുമ്പിളില്‍ തന്നെ.